~ഇവാ. അംജിത്ത് വെള്ളൂർ (09744767367) ~
~ചെറു കഥ ~
ഒരിക്കൽ ഒരു ഇടത്ത് ഒരു ഓട്ട പന്തയം നടക്കുവാൻ ഇടയായി. നിരവധി പേർ അതിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഓട്ട പന്തയത്തിനു ചേരാത്ത ശരീര പ്രകൃതി ഉള്ള ഒരു മനുഷ്യനെ ആരംഭം മുതൽ കാഴ്ചക്കാർ ശ്രദ്ധിച്ചു, മാത്രമല്ല ചിലർ അയാളെ പരിഹസിക്കുകയും, പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ ആ മനുഷ്യൻ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു. അപ്പോൾ പന്തയത്തിനുള്ള വിസിൽ മുഴങ്ങി എല്ലാവരും ആരംഭ സ്ഥാനത്ത് എത്തിച്ചേർന്നു. അധികം താമസിയാതെ അവസാന വിസിൽ മുഴങ്ങി, എല്ലാവരും ഓടാൻ ആരംഭിച്ചു. കാണികളിൽ അധികം പേരും ഈ മനുഷ്യനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പൊടുന്നനെ, തന്റെ ഭാരം നിമിത്തം ആ മനുഷ്യൻ മുന്നിലേക്ക് വേച്ച് നിലം പതിച്ചു. കണ്ടു നിന്നവർ എല്ലാം കൂകി വിളിച്ചു, കളിയാക്കാൻ തുടങ്ങി. വീണയിടത്തു നിന്നും ആ മനുഷ്യൻ പതിയെ തലപൊക്കി നോക്കി, ജനത്തെ അഭിമൂഖീകരിക്കാൻ അതുവരെയില്ലാത്ത ഒരു ഭയവും, ലജ്ജയും അയാളെ ബാധിച്ചത് അയാൾ തിരിച്ചറിഞ്ഞു. അല്പനിമിഷം താൻ ആരെയും നോക്കാതെ അങ്ങനെ കിടന്നു. പക്ഷേ, പെട്ടെന്ന് തന്നിലേക്ക് ഒരു ചിന്ത കടന്നു വന്നു “ഞാൻ ആരെ പേടിക്കണം, ഇതെന്റെ തീരുമാനമാണ് ഞാനിത് പൂർത്തിയാക്കും.” കിടന്ന സ്ഥാനത്തു നിന്നും അയാൾ പെട്ടെന്നു ചാടി എണീറ്റു. എല്ലാവരും അയാൾ മുഖം കുനിച്ച് തിരഞ്ഞോടുന്നതു കാണാൻ നോക്കി നിന്നപ്പോൾ അയാൾ ആരെയും നോക്കാതെ മുന്നിലേക്ക് ഓടാൻ തുടങ്ങി. എല്ലാവരും അല്പനേരത്തേക്ക് സ്തബ്ദരായിപ്പോയി. പിന്നീടു വളരെ ഉച്ചത്തിൽ കുകി വിളിച്ചു, പരിഹാസ വാക്കുകൾ വിളിച്ചു പറയാൻ തുടങ്ങി. മറ്റ് ചിലർ കയ്യിൽ ഇരുന്ന കുപ്പി ആ മനുഷ്യന്റെ നേർക്ക് വലിച്ചെറിഞ്ഞു. എന്നാൽ ഇതൊന്നും അയാളെ ചലിപ്പിച്ചില്ല കാരണം ഓടാൻ തുടങ്ങിയപ്പോൾ അയാൾ ഒരു തീരുമാനം എടുത്തിരുന്നു, “ജനം എത്ര കളിയാക്കിയാലും അത് ഒരു കരഘോഷമായിക്കണ്ട് മുന്നോട്ട് ഓണമെന്ന്”. അത് ഒരു ആവേശമായി കണ്ട് അയാൾ മുൻപോട്ട് കുതിച്ചു. എന്നാൽ താൻ ലക്ഷ്യ സ്ഥാനത്ത് എത്താറായി എന്ന് ജനം കണ്ടപ്പോൾ, കൂക്കിവിളികൾ കരഘോഷമായി മാറുന്നത് അയാൾ തിരിച്ചറിഞ്ഞു. അതുവരെ പരിഹസിച്ച കാണികളെ അതിശയപ്പെടുത്തിക്കൊണ്ട് ആ മനുഷ്യൻ ലക്ഷ്യ സ്ഥാനത്തെ പുൽകി.
ഇനി ആ മനുഷ്യൻ ആരാണെന്ന് അറിയണ്ടെ? അത് മറ്റാരുമല്ല എന്റെ കഥ വായിക്കുന്ന നീ തന്നെയാണ്.
1. നീ തിരഞ്ഞെടുത്ത പന്തയം (ജോലി, ഭാവി, വിദ്യാഭ്യാസം)ഒരു പക്ഷേ നീ ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തതാകാം, എന്നാൽ അതിനു നീ ഇറങ്ങിയപ്പോൾ പലരും പറഞ്ഞില്ലേ, “നിനക്കു അതിനുള്ള കഴിവില്ല, നീ തോറ്റു പോകും എന്നൊക്ക.”
2. പക്ഷേ നീ അതൊന്നും നോക്കാതെ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു, ഓടാൻ തുടങ്ങി. പരിഹാസങ്ങൾ ഒന്നും ശ്രദ്ധിക്കാതെ നീ ഓടി, കാലിടറും വരെ.
3. ഓട്ടത്തിനിടയിൽ ഒരിക്കൽ നിന്റെ കാൽ ഒന്ന് വഴുതി, നീ നിലത്ത് വീണു, എന്തു പറ്റി നിനക്ക്? എന്തേ എഴുന്നേൽക്കാത്തെ? ആരംഭത്തിൽ കാണികളെ ശ്രദ്ധിക്കാത്ത നിനക്ക് ഇപ്പോൾ എന്ത് പറ്റി?
പ്രിയ സ്നേഹിത, കാലിടറി അപമാനവും, ലജ്ജയും നിമിത്തം എഴുനേൽക്കാതെ കിടക്കുകയാണോ? കാണികളെ നോക്കണ്ട, നിന്റെ തീരുമിനങ്ങൾ ശരിയാണ്. ധൈര്യമായി മുന്നോട്ട് ഓടുക. അവരുടെ കൂക്കിവിളികൾ നിനക്ക് വാശിയും, പ്രജോദനവും തരട്ടെ. ഒന്ന് ഞാൻ നിനക്ക് ഉറപ്പ് തരാം, നീ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ നിന്നെ പരിഹസിച്ചവർ എല്ലാം നിനക്കു വേണ്ടി കൈ തട്ടും. ആ സുദിനം മുൻപിൽ കണ്ടു ഒടുക. നീ തീർച്ചയായും അതിൽ എത്തിച്ചേരും.
