ഇടുക്കു വാതിൽ

  “ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവും ഉള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ.”  (മത്തായി 7 :13)

ഇടുക്കു വാതിൽ

സണ്ണിച്ചായൻ ആ വാതിൽ സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്. വാതിൽ മനോഹരമായിരിക്കുന്നു. പക്ഷെ വാതിലൂടെ അകത്തേക്ക് പ്രവേശിക്കാനാണ് പ്രയാസം. തല കുനിച്ചോ, മുട്ടിന്മേൽ നിന്നോ പോലും അതിനകത്തു പ്രവേശിക്കാൻ കഴിയില്ല. ഒരു സാധ്യത ഉള്ളത് നിലം പാട് വീഴുക എന്നത് മാത്രം. പള്ളിയിലേക്ക് പോകുമ്പോഴും വരുമ്പോഴും മറ്റു പല സന്ദർഭങ്ങളിലും താൻ ഈ വാതിൽ കണ്ടിട്ടുണ്ടായിരുന്നു. മനോഹരമെങ്കിലും ഇടുക്കമായിരുന്ന വാതിലിനെപ്പറ്റി തൻറെ ഭാര്യയോട് പലവട്ടം പറഞ്ഞെങ്കിലും ഞാൻ അത് കണ്ടിട്ടില്ലല്ലോ സണ്ണിച്ചായ, അങ്ങനെ ഒരു വാതിൽ ഇല്ല എന്ന് പറഞ്ഞു അവൾ ഒഴിയുകയായിരുന്നു. താനും കൂടുതൽ ഈ വാതിലിനെപ്പറ്റി അറിയാൻ ശ്രമിച്ചില്ല. ഈ വാതിലിനകത്തേക്കു പ്രവേശിക്കണമെങ്കിൽ നുഴഞ്ഞു തന്നെ കയറണം തൊലി മുഴുവൻ ഉരിഞ്ഞു പോകാൻ സാധ്യതയുണ്ട്. അത്രയും ചെറുതും ഇടുക്കവുമുണ്ട് അതിന്. അകത്തേക്ക് കയറണോ വേണ്ടയോ സണ്ണിച്ചായൻ സംശയിച്ചു നിൽക്കുകയാണ്. തൊലി എല്ലാം ഉരിഞ്ഞു പോയാൽ തൻറെ രക്തം വാർന്നു താൻ മരിച്ചു പോവുകയില്ലേ..? എന്തായാലും രക്ഷപ്പെടാൻ ഇതല്ലാതെ മറ്റു മാർഗ്ഗം ഒന്നും കാണുന്നില്ല. മറ്റ് എവിടെയാണെങ്കിലും താൻ പണം കൊടുക്കുവാനുള്ളവർ തന്നെ പിന്തുടരും.

എത്ര മാന്യതയായിരുന്നു തനിയ്ക്ക് സമൂഹത്തിൽ ഉണ്ടായിരുന്നത്. എല്ലാം എത്ര പെട്ടന്നാണ് നഷ്ടമായത്. പള്ളിയിലും എല്ലാത്തിനും പണമായിട്ടാണങ്കിലും പ്രവർത്തിയായിട്ടാണങ്കിലും താൻ തന്നെ ആയിരുന്നു മുമ്പിൽ. ആ പ്രശംസ കാത്ത് സൂക്ഷിക്കുവാൻ ബോധപൂർവ്വമായിട്ട് തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നതും. സണ്ണിച്ചായ.. എന്ന വിളിയിൽ കിട്ടിയിരുന്ന ബഹുമാനവും സണ്ണിച്ചായൻറെ അഭിപ്രായമെന്താ.. എന്ന പാസ്റ്ററുടെ ചോദ്യവുമൊക്കെ തന്നെ നന്നേ സന്തോഷിപ്പിച്ചിരുന്നു. അത്യാവശ്യം സാമ്പത്തിക ശേഷിയും നല്ല ഒരു ബിസിനസ്സും ഉണ്ടായിരുന്നു. എങ്കിലും ഈ ലോകത്തിലെ നന്മകൾ എത്ര ലഭിച്ചിട്ടും പിന്നെയും വേണമെന്നുള്ള ആഗ്രഹവും ഒപ്പം തന്നെക്കാൾ ആരും വലിയവനാകരുതെന്ന ചിന്തയുമുണ്ടായിരുന്നു. കാറുകൾ എത്ര എണ്ണമാണ് മാറിമാറി വാങ്ങിയത്. വില കൂടിയ വസ്ത്രങ്ങൾ ഭവനത്തിൽ സൂക്ഷിക്കാൻ സ്ഥലമില്ലാതാവസ്ഥ. തൻറെ അപ്പനായി വച്ച് തന്ന മനോഹരമായ വീട് നിശ്ശേഷം തകർത്തു എൻറെ നാട്ടിലെ ഏറ്റവും വലിയ വീട് പണിയുവാൻ പോയതാണ് തകർച്ചയുടെ തുടക്കം എന്ന് തോന്നുന്നു. പഠനത്തിന് സാമാന്യ നിലവാരം മാത്രം ഉണ്ടായിരുന്ന മകനെ ഡോക്ടർ ആക്കണം എന്നുള്ള ആഗ്രഹവും ഒഴിവാക്കാമായിരുന്നു എന്ന് സണ്ണിച്ചായന്‌ തോന്നി. ചെയ്തത് എല്ലാം ലോകത്തിൻറെ പുകഴ്ചയ്ക്കും സന്തോഷത്തിനും മാത്രം.

കൂടുതൽ പണം ആവശ്യമായി വന്നപ്പോഴാണ് ബിസിനസ്സിൽ നിന്ന് അത് മുതലാക്കണം എന്ന് ചിന്തിച്ചത്. ചെറിയ തരത്തിലുള്ള കൃത്രിമങ്ങൾ കസ്റ്റമേഴ്‌സിനോട് കാണിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അതോടെ പലരുടെയും നല്ല അഭിപ്രായങ്ങൾ കുറയുവാൻ തുടങ്ങി. അപ്പോഴാണ് മുൻകോപിയും വിടുവായനുമായ അയാളുടെ രംഗപ്രവേശനവും. മറ്റുള്ളവരുടെ അടുക്കൽ കാട്ടിയ കൃത്രിമങ്ങളെ അയാളുടെ അടുക്കലും കാട്ടിയുള്ളു. എന്നാൽ മറ്റുള്ളവരെപ്പോലെ ക്ഷമിപ്പാനും മിണ്ടാതിരിപ്പാനും അയാൾ ഒരുക്കമായിരുന്നില്ല. അയാൾ അത് ഉറക്കെ പറഞ്ഞുകൊണ്ട് തന്നെ നടന്നു, കേട്ടവരും അത് ഏറ്റു പിടിച്ചു. ബിസിനസ്സും അവിടെയാണ് പൂർണ്ണമായി തകർന്നത്. പിന്നെ രക്ഷ ബ്ലേഡുകാർ ആയിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോൾ അവരുടെ സ്വഭാവം മാറി. ഇപ്പോൾ അവരെ ഒളിച്ചു നടക്കാതെ രക്ഷയില്ലാതായിരിക്കുന്നു. രക്ഷപ്പെടാനൊരിടം അത് ആണ് തനിക്കു ആവിശ്യം.

ഈ വാതിലല്ലാതെ മറ്റൊന്ന് ഈ ലോകത്തു രക്ഷാമാർഗ്ഗമായി ഉണ്ടന്ന് തോന്നുന്നില്ല. സണ്ണിച്ചായൻ ചിന്തിച്ചു എന്തായാലും നുഴഞ്ഞു വലിഞ്ഞു കയറുക തന്നെ, മരിക്കുന്നെങ്കിൽ മരിക്കട്ടെ. സണ്ണിച്ചായൻ നിലത്തു വാതിലിനകത്തേക്കു നുഴഞ്ഞു കയറാൻ നോക്കി. ഏറെ ബലത്തോടെ അതിനകത്തേക്കു പ്രവേശിക്കാൻ ശ്രമം നടത്തി. ചിന്തിച്ചതുപോലെ തന്നെ സണ്ണിച്ചായൻറെ തൊലിയെല്ലാം ഉരിഞ്ഞു പോയി, അസ്ഥികൾക്കും അവിടവിടെ ചില മാറ്റങ്ങളുണ്ടായി. തൻറെ രക്തവും വാർന്നു പോകാൻ തുടങ്ങി. എന്നാൽ ഒരത്ഭുതംതന്നിൽ സംഭവിക്കുന്നത് സണ്ണിച്ചായൻ തിരിച്ചറിഞ്ഞു. നഷ്ടപ്പെടുന്ന തൻറെ രക്തത്തിൻറെ സ്ഥാനത്തു മറ്റൊരാളുടെ രക്തം പകരപ്പെടുന്നു. തനിക്കു ഒരു പുതു ചൈതന്യം ലഭിക്കുന്നതുപോലെ, പറഞ്ഞറിയിക്കാൻ കഴിയാത്ത സമാധാനം. തൻറെ രൂപവും ആകെ മാറിയിരിക്കുന്നു. താൻ കയറിവന്ന ഇടുങ്ങിയ വാതിലും ഇപ്പോൾ കാണാനില്ല പകരം താൻ എപ്പോഴും കാണുന്ന കേൾക്കുന്ന, തന്നെ കാണുന്ന കേൾക്കുന്ന ലോകം തന്നെ. എങ്കിലും സണ്ണിച്ചായന്‌ പഴയതുപോലെ കടക്കാരെ ഭയം തോന്നിയില്ല. എല്ലാത്തിനേം തനിയ്ക്ക് നേരിടാൻ കഴിയുമെന്ന ഒരാത്മവിശ്വാസം. സണ്ണിച്ചായൻ തിരിച്ചറിഞ്ഞു പഴയതുപോലെ ലോകം തന്നെ പുകഴ്ത്തണമെന്നോ, ബഹുമാനിയ്ക്കണമെന്നോ തനിക്കു ഇപ്പോൾ ആഗ്രഹമില്ല. ആഹാരം ആവിശ്യത്തിന് മാത്രം വസ്ത്രവും വാഹനവും പണവും എല്ലാം അതാതിന്റെ ആവിശ്യത്തിന് മാത്രം. എനിക്ക് വേണ്ടി രക്തം തന്നവൻ എനിക്ക് വേണ്ടി കരുതും. എന്നെ ശ്രേഷ്ഠമായി, മാന്യമായി മുമ്പോട്ടു നടത്തും. എൻറെ കടങ്ങൾക്കെല്ലാം അവൻ പരിഹാരം വരുത്തും. അവന് എന്നെക്കൊണ്ട് എന്തൊക്കെയോ ഉദ്ദേശ്യങ്ങൾ ഉണ്ട്, അവൻ അത് നിർവ്വഹിക്കും.

സണ്ണിച്ചായനെ കണ്ടവർ, കേട്ടവർ എല്ലാം ആശ്ചര്യപ്പെടാൻ തുടങ്ങി. സണ്ണിച്ചായൻറെ കടക്കാരും അച്ചായൻറെ വാക്കും പെരുമാറ്റവും കണ്ടു അതിശയിച്ചുപോയി. അവർ സണ്ണിച്ചായനോട് ക്ഷമിച്ച് കടങ്ങൾ വീട്ടുവാനുള്ള സമയവും ദീർഘിപ്പിച്ച് കൊടുത്തു. സണ്ണിച്ചായനും ഇപ്പോൾ നിശ്ചയമുണ്ട് എന്നെ സഹായിക്കുന്നവനാൽ എനിക്ക് അത് കൊടുത്തു തീർക്കാം. സണ്ണിച്ചായൻ തൻറെ ഭാര്യയെയും മക്കളെയും ഇതുവരെയും അവർ കാണാതിരുന്ന ആ വാതിലിൻറെ അടുക്കൽ കൊണ്ടുപോയി അവർക്കു അത് കാട്ടിക്കൊടുത്തു പറഞ്ഞു. മരണത്തെ ഭയക്കേണ്ട അതിലൂടെ അകത്തേക്ക് കടക്ക് എന്നാൽ നിങ്ങൾ ജീവിക്കും. ആ നാട്ടിൽ അനേകരോട് സണ്ണിച്ചായൻ പറഞ്ഞു- സമാധാനത്തോടെ, സന്തോഷത്തോടെ, ലോകത്തിൻറെ ഒരു പുകഴ്ചയും ആഗ്രഹിക്കാതെ – ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ എന്നാൽ നിങ്ങൾ ജീവിക്കും. സണ്ണിച്ചായന്‌ ജീവ രക്തം നൽകിയ രക്ഷകൻറെ തന്നെ ശബ്ദമായിരുന്നു അത്. സണ്ണിച്ചായനിലൂടെ ആ ശബ്ദം ആ ദേശമാകെ അലയടിച്ചു കൊണ്ടിരുന്നു.