(കുടുംബ ജീവിതം യേശുക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ നിഴലാണ്. ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം പ്രതിഫലിക്കുന്നത് തൻറെ വ്യക്തിത്വത്തിലും അതിലൂടെ തൻറെ പ്രവർത്തികളാലുമാണ്. ക്രിസ്‌തുവിനോടുള്ള സ്നേഹവും സമർപ്പണവും ആണ് അവൻറെ മനസ്സുള്ളവരായി നല്ല പ്രവർത്തികളിലേക്കു നമ്മെ നയിക്കുന്നത്. )
“ഡോ. റൂബി തന്റെ ഭർത്താവിനെപ്പോലെ”
ഡോ. റൂബി തന്റെ ഡ്യൂട്ടി കഴിഞ്ഞു വന്നു. സാമൂഹിക സേവകനും അതിപ്രശസ്തനുമായ അവളുടെ ഭർത്താവു ഭവനത്തിൽ എത്തിയിരുന്നില്ല. അത് സാധാരണ സംഭവിക്കുന്നതാണ്. അതിനാൽ റൂബി ആധിയില്ലാതെ തന്റെ പതിവ് ദിനചര്യകളിൽ മുഴുകി. ഏറെ താമസിച്ചുവന്ന ഭർത്താവിനെ സന്തോഷത്തോടെ ഓടിച്ചെന്നു എതിരേറ്റ റൂബിയുടെ മുഖത്തേക്ക് അയാൾ ഒന്ന് നോക്കിയതിനുശേഷം ഒന്നും മിണ്ടാതെ അയാൾ അകത്തേക്ക് കയറിപ്പോയി. പതിവിനു വിപരീതമായ തന്റെ ഭർത്താവിന്റെ പ്രവർത്തിയിൽ വിഷമം തോന്നിയെങ്കിലും അത് എന്തെകിലും ജോലി സംബന്ധമായ വിഷയം കൊണ്ടായിരിക്കാം എന്ന് കരുതി റൂബി ആശ്വസിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആ ഭാവം തൽക്കാലത്തേക്ക് മാത്രമുള്ളതല്ല, അത് തന്നോടുള്ള പോരായ്മയാണന്നു റൂബിയ്ക്ക് മനസ്സിലായി അതിന്റെ കാരണം അവൾ അദ്ദേഹത്തോട് അന്വേഷിച്ചു എങ്കിലും എന്തെകിലും സംസാരിപ്പാൻ അദ്ദേഹം തയ്യാറാകുന്നില്ല, ഊണ് മേശയിലും കിടപ്പുമുറിയിലും ആ മൗനം തുടർന്നു. ഇത് റൂബിയിൽ വലിയ ആധിയ്ക്കു കാരണമായി. വളരെ കരഞ്ഞു ചോദിച്ചു കാരണമെന്താണെന്ന്, പിണങ്ങി മാറി കിടന്നു എങ്കിലും അയാൾ മൗനം തുടരുകയായിരുന്നു.
റൂബിയുടെ അസ്വസ്ഥത വർധിച്ചു കൊണ്ടേയിരുന്നു, ആ രാത്രിയിൽ അവൾക്കു ഉറങ്ങാനേ കഴിഞ്ഞില്ല. തന്റെ ചാരത്തു അദ്ദേഹം ഉണ്ടങ്കിൽ ഒരിക്കലും തന്നെ പിരിഞ്ഞു കുടുംബപ്രാർത്ഥനയ്ക്കു ഇരിക്കില്ല, അത് റൂബിയ്ക്ക് നന്നായി അറിയാം അതുകൊണ്ടു അവൾ പ്രഭാതത്തിൽ തന്നെ അവന്റെ അടുക്കലേക്കു ഓടി, ദൈവത്തെ ഒന്നിച്ചു മഹത്വപ്പെടുത്തുവാൻ. എന്നാൽ അദ്ദേഹം വരുന്നില്ല. റൂബിയുടെ അസ്വസ്ഥത ക്രമാതീതമായി അവൾ ദൈവത്തോട് കരഞ്ഞു, ദൈവമേ.. സഹായിക്കേണമേ. പരിശുദ്ധാത്മാവ് അപ്പോൾ അവൾക്കു ചിലതു ഓർമയിൽ നൽകി. താൻ അഴുക്കു കുഴിയിൽ അപകടകരമാം വിധം വീണു കിടന്നപ്പോൾ തന്നെ രക്ഷിക്കുവാൻ അദ്ദേഹം ഓടിയെത്തിയതും തന്നെ രക്ഷിക്കുവാൻ ശ്രമിക്കുകയിൽ മാരകമാംവിധം ശരീരത്തിൽ മുറിവേറ്റതും. അന്ന് പൊട്ടിക്കരഞ്ഞു ചോര ഇറ്റിറ്റു വീഴുന്ന അവന്റെ കാൽപ്പാദത്തിൽ വീണു എന്നെ സ്വീകരിക്കണേ എന്ന് അപേക്ഷിച്ചതും അവൻ ചോര നിറഞ്ഞ കൈകൊണ്ടു എന്റെ മുഖത്തെ അഴുക്കു നീക്കം ചെയ്തു റൂബി നീ സുന്ദരി ആണ്. നീ ആഗ്രഹിക്കുന്നതുപോലെ ഞാൻ നിന്റേതാണ്, നിന്റെ ഈ സൗന്ദര്യത്തിനു അല്പവും കോട്ടം വരരുത്, അത് ഞാൻ സഹിക്കില്ല ഒരിക്കലും. ദൈവമേ എന്റെ സൗന്ദര്യത്തിനു എന്തെങ്കിലും കേടു പറ്റിയോ, റൂബി കണ്ണാടിയ്ക്കു മുമ്പിലേക്ക് ഓടി. ഇന്നലെ തന്നെ കാര്യമായി ശ്രദ്ധിക്കാൻ സാധിച്ചില്ല. തന്റെ മുഖത്തെ ചെറിയ തടിപ്പുകൾ അവൾ കണ്ണാടിയിൽ കണ്ടു. എന്റെ ദൈവമേ.. റൂബി അവിടെ മുട്ടുകുത്തി. അവൾ ദൈവത്തോട് കരഞ്ഞു. ദൈവമേ എന്റെ പ്രാണൻ എന്നിൽ നിന്ന് അകലതക്കവണ്ണം നിന്റെ കൃപ എനിക്ക് എങ്ങനെ നഷ്ടമായി. ഞാൻ എപ്പോഴും നിന്നെ ഓർക്കുമായിരുന്നല്ലോ. ഇന്നലെ എപ്പോഴാണ് നിന്റെ കൃപ എനിക്ക് നഷ്ടമായത്.
റൂബിയ്ക്ക് പരിശുദ്ധാത്മാവ് ഇന്നലത്തെ സംഭവങ്ങൾ ഓർമ്മയിൽ കൊടുത്തു. ആശുപത്രിയിൽ വന്ന നിർദ്ധനനായ രോഗിയെയും അവരുടെ ബന്ധുക്കളെയും അവരറിയാതെ സഹായിച്ചതും എന്നാൽ രോഗിയുടെ ഗരുതരാവസ്ഥ കാരണവും മറ്റാരിൽനിന്നോ കേട്ട വേണ്ടാത്ത വാക്കുകൾ നിമിത്തമായും ആ രോഗിയുടെ അടുത്ത ബന്ധുക്കൾ തനിയ്ക്കെതിരെ സംസാരിച്ചപ്പോൾ താൻ ദേഷ്യപ്പെട്ടതും ഇവനെയൊക്കെ സഹായിക്കുന്നത് വെറുതെയാണന്നു ഉള്ളിൽ പറഞ്ഞതും (സഹായത്തിനു ദൈവം പ്രതിഫലം നൽകും) ഓർമ്മയിൽ വന്നു. അവൾ ദൈവത്തോട് തന്റെ തെറ്റുകൾക്ക് ക്ഷമ ചോദിച്ചും കരഞ്ഞും കൊണ്ട് മഹാനായ തന്റെ ഭർത്താവിന്റെ അടുക്കലേക്കു ഓടി.
കഠിന വ്യഥകൾ വരുമ്പോൾ തന്റെ ഭർത്താവിന്റെ, തന്നെ രക്ഷിച്ച മുറിപ്പാടുകളിൽ നിന്നും രകതം വരുന്നത് അവൾ കണ്ടിട്ടുണ്ട്. താൻ ഓടി അടുത്തുചെല്ലുമ്പോഴും അവൾ കണ്ടത് ആ മുറിവുകളിൽ നിന്നും രക്തം പൊടിയുന്നതാണ്. ഹൃദയം തകർന്നു അവൾ അവൻറെ കാലിൽ കെട്ടിപിടിച്ചു എന്നോട് ക്ഷമിക്കണേ, എന്നെ സഹായിക്കണേ എന്ന് നിലവിളിച്ചു. എനിക്ക് പ്രതിഫലം ദൈവം തരും എന്നും അവൾ കേഴാൻ തുടങ്ങി. അവളുടെ ഭർത്താവ് ചോര നിറഞ്ഞ തൻറെ കരത്താൽ അവളെ തലോടി ആശ്വസിപ്പിച്ചു പറഞ്ഞു. സാരമില്ല ദൈവം നിന്നെ സഹായിക്കും. നീ പറഞ്ഞതുപോലെ പ്രതിഫലം ദൈവത്തിൻറെ പക്കലാ… വാ അവനോടു നമുക്ക് പ്രാർത്ഥിക്കാം. അവൻ അവളെ തൻറെ മാർവ്വിൽ ചേർത്ത് ആശ്വസിപ്പിച്ചു. അവൾ അവനോടുകൂടെ ദൈവത്തിന് മഹത്വവും നന്ദിയും പറയുവാൻ ഇരുന്നു. വലിയ സമാധാനം അവൾക്കു ലഭിച്ചു.
അന്നും പതിവ് പോലെ അവൾ ജോലിക്കു പോയി. അന്ന് അവൾ പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. ഇന്നലെ തന്നെ ചീത്ത പറഞ്ഞ മനുഷ്യന് അസുഖം അതും താൻ തന്നെ ചികിത്സിക്കേണ്ട രോഗം. അയാൾ എൻറെ അടുക്കൽ വന്നു, അല്പം പരിഭ്രമത്തോടെ. എന്നാൽ ദൈവ കൃപയാൽ ഞാൻ എല്ലാം മറന്നിരുന്നു. ഞാൻ മറ്റു രോഗികളോട് എന്ന പോലെ അയാളോടും പെരുമാറുകയും പരിശോധനകൾക്കു ശേഷം വേണ്ട ചികത്സ നൽകി പറഞ്ഞയച്ചു. തുടർന്ന് തൻറെ വ്യക്തിപരമായ ആവിശ്യത്തിന് റൂമിൽ നിന്ന് വെളിയിലേക്കു ഇറങ്ങാൻ വാതിലിനോട് അടുത്തപ്പോൾ തൻറെ പേര് പറഞ്ഞു പുറത്തു സംസാരം കേട്ടതിനാൽ പുറത്തേക്കു ഇറങ്ങാതെ അകത്തു നിന്ന് ആ സംസാരം ശ്രദ്ധിച്ചു. വെളിയിൽ ഇരിക്കുന്നവരും വന്ന രോഗിയും തന്നെ പുകഴ്ത്തുന്നു. അതുവഴി വന്ന ഒരു നഴ്സ് ഇപ്രകാരം അവരുടെ അഭിപ്രായം രേഖപ്പെടുത്തി ഡോക്ടർ റൂബി അവരുടെ ഭർത്താവിനെപ്പോലെ തന്നെയാണ്, ഒരു വ്യത്യാസവുമില്ല. അതുകേട്ടപ്പോൾ അവൾക്കു തൻറെ ഭർത്താവിനെ ഓർമ്മ വന്നു. ഒരിക്കൽ ഒരു വലിയ ആൾക്കൂട്ടത്തിൽ എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കുമ്പോൾ പുരുഷാരത്തിനിടയിലൂടെ തന്നെ നോക്കിയതും, അപ്പോൾ തനിക്കു ഉണ്ടായ ആനന്ദവും നാണവും ഇപ്പോഴും ഉണ്ടായി. എങ്കിലും അവൾ അത് പെട്ടന്ന് മറച്ചിട്ട്, തൻറെ ഭവനത്തിൽ തൻറെ ഭർത്താവിന്റെ സാന്നിധ്യത്തിൽ ചിലപ്പോൾ ചെയ്യാറുള്ളതുപോലെ സാരിയുടെ ഒരറ്റം എടുത്തു അരയിൽ കുത്തി ഞെളിഞ്ഞു തൻറെ ചെയറിലേക്കു തന്നെ തിരികെ നടന്നു. അപ്പോഴാണ് റൂമിലുണ്ടായിരുന്ന മറ്റൊരു നഴ്സ് ചോദിക്കുന്നത്, ഡോക്ടർ റൂബിയ്ക്ക് ഇതെന്തുപറ്റി. ചമ്മലോടെ തൻറെ സാരി നേരെയാക്കി ഒന്നുമില്ല എന്ന് പറഞ്ഞു തൻറെ കസേരയിൽ ഇരിക്കുമ്പോഴും ഡോക്ടർ റൂബിയുടെ ഹൃദയത്തിൽ വെളിയിൽ കേട്ട നഴ്‌സിന്റെ ശബ്ദം മുഴങ്ങി, ” ഡോക്ടർ റൂബി തൻറെ ഭർത്താവിനെ പോലെ തന്നെയാണ്”.
