കല്യാണ വസ്ത്രം

അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ”. (വെളിപ്പാടു 19 : 8)

കല്യാണ വസ്ത്രം

                     ഞാൻ ഏറെ പ്രത്യാശയോടെ കാത്തിരുന്ന സുദിനമാണ് ഇന്ന്. എന്നെപ്പോലെ ഈ സുദിനത്തിനായി പ്രത്യാശയോടെ കാത്തിരുന്ന എല്ലാവർക്കും മനോഹരമായ വിശേഷ വസ്ത്രം അണിഞ്ഞു വേണം അവൻറെ മുമ്പിൽ ചെല്ലുവാൻ. അവനെ സ്നേഹിച്ചതിൻറെ ഫലമായി അവൻ നൽകിയതാണി വസ്ത്രം. എൻറെ കയ്യിലിരിക്കുന്ന ആ വിശേഷ വസ്ത്രത്തിലേക്കു ഞാൻ ആശ്ചര്യത്തോടെ നോക്കികൊണ്ടിരുന്നു. ഇത്രയും ഭംഗിയുള്ള വസ്ത്രം ഞാൻ ഇതുവരെയും കണ്ടിട്ടേ ഉണ്ടായിരുന്നില്ല. അതിലെ ഓരോ ചിത്രപ്പണിയും ഞാൻ സൂഷ്മതയോടെ പരിശോധിച്ചു. അതെല്ലാം എൻറെ ജീവിതത്തിലെ ഓരോ ഏടുകൾ ആയിരുന്നു. ഞാൻ എൻറെ പ്രീയനെ സ്നേഹിച്ചു അവനു ചെയ്തതൊക്കെ അതി മനോഹരമായി അതിൽ ചിത്രീകരിച്ചിരിക്കുന്നു.

ഈ ചിത്ര പണികളിൽ ഏതായിരിക്കും ഏറ്റവും സുന്ദരമായി തുന്നിയിരിക്കുന്നത്, ഞാൻ എൻറെ കർത്താവിനെ സ്വീകരിച്ച ആ നാളുകളോ? എൻറെ കണ്ണുകൾ ആ വിശേഷ വസ്ത്രത്തിൽ ആ ചിത്രത്തിനായി തിരഞ്ഞു. എൻറെ പ്രിയൻ അത് മനോഹരമായി തന്നെ അതിൽ തുന്നി ചേർത്തിരിക്കുന്നു. ഞാൻ ആ നാളുകൾ ഓർത്തു. മനഃസമാധാനമില്ലാതെ അലഞ്ഞ ആ നാളുകളിൽ, ആശ്വാസകരില്ലാതെ, കൂട്ടുകാരില്ലാതെ, മുന്നോട്ടുള്ള ലക്ഷ്യങ്ങൾ ഇല്ലാതിരുന്ന ആ നാളുകൾ ആശ്വാസമായത്, ലക്ഷ്യം തന്നത് എൻറെ പ്രീയൻറെ വചനങ്ങൾ ആയിരുന്നു. എന്നെ ഏറ്റവും അറിയുന്നവനായി, ഏറ്റവും സ്നേഹിക്കുന്നവനായി നുറുക്കപ്പെട്ട ആ ശരീരവുമായി എൻറെ അടുക്കൽ വന്നു എന്നെ താങ്ങി എഴുന്നേൽപ്പിച്ചു, എന്നെ തന്നോട് ചേർത്തവൻ. അവനുവേണ്ടി വേണ്ടി ജീവിക്കുവാൻ ജീവിതം സമർപ്പിച്ചപ്പോൾ മുൻപ് മിണ്ടാതിരുന്നവർ വിമർശനങ്ങളും പരിഹാസവുമായി മുന്നോട്ടു വന്നത് അവൻറെ കൃപയാൽ അതിനെ അതിജീവിച്ചു അവനു വേണ്ടി നിൽക്കുവാൻ അവൻ ഭാഗ്യം തന്നത് എല്ലാം എൻറെ ഓർമ്മകളിക്കു തിരയടിച്ചു വന്നു.

വിശേഷ വസ്ത്രത്തിലെ ഓരോ ചിത്ര പണിയും ഭൂതകാലത്തു എൻറെ പ്രീയനെ സ്നേഹിച്ചതിൻറെ, സാക്ഷിച്ചതിൻറെ ഓർമ്മകൾ എന്നിലേക്ക്‌ കൊണ്ടുവരികയായിരുന്നു. എൻറെ പ്രീയനോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം പ്രീയൻറെ ഇഷ്ടം അറിഞ്ഞു രോഗികളെയും ദുഃഖിതരെയും സന്ദർശിച്ചതും അവർക്കു വേണ്ടി ആകാവുന്ന സഹായങ്ങൾ ചെയ്തതും. കർത്താവ് തന്ന രക്ഷയെ പ്രാപിച്ചു ദൈവിക ന്യായ വിധിയിൽ നിന്ന് രക്ഷ പ്രാപിപ്പാൻ, എൻറെ കർത്താവിനെ സ്വീകരിപ്പാൻ ജനത്തോടു സാക്ഷിച്ചപ്പോൾ ചിലയിടത്തു നിന്ദ ഏറ്റത്, ചിലർ ഉപദ്രവിച്ചത്. ജീവിതത്തിലെ ചില കഷ്ട വേളകളിൽ കൂടെ പ്രാർത്ഥിച്ചവർ പോലും ഉപേക്ഷിച്ച സന്ദർഭങ്ങളിൽ പ്രീയനോടുള്ള വിശ്വാസം മുറുകെ പിടിച്ചു ജീവിത വിജയം നേടിയത്, അവസാനം അവനെ ചുംബിച്ച ദേഹത്തിൽ നിന്ന് ആത്മാവ് എടുക്കപ്പെട്ടതു എല്ലാം മനോഹര ഓർമ്മകളായി എന്നിൽ കുളിർ മഴ പെയ്യിക്കാൻ തുടങ്ങി.

എൻറെ പ്രീയനിലെ എൻറെ ജീവിതം ആലേഖനം ചെയ്ത ആ വിശേഷ വസ്ത്രം ഞാൻ ഏറ്റവും ഭംഗിയായി അണിയാൻ തുടങ്ങി. എൻറെ രക്ഷകൻറെ സേവകർ എന്നെ സഹായിപ്പാൻ അടുത്തുണ്ടായിരുന്നു. ഞാനും എന്നെപ്പോലെ എണ്ണിക്കൂടാത്ത ഒരു പുരുഷാരവും (എല്ലാവരും എൻറെ പ്രീയനെ സ്നേഹിച്ചർ) അവന്റെ വിരുന്നുശാലയിലേക്കു വന്നു. ഹാ!, എത്ര മനോഹരമായിരുന്നു ആ കൂടിച്ചേരൽ.
ഏറ്റവും സന്തോഷിക്കുന്ന ആ സമൂഹത്തിൽ ഞാൻ എൻറെ പ്രീയപ്പെട്ടവരെ തിരഞ്ഞു. അവരെ കാണാഞ്ഞതിൽ ചെറിയ ദുഃഖം തോന്നി. അങ്ങ് ദൂരെയായി ദുഖിച്ചു വിലപിക്കുന്നവരുടെ ശബ്ദം കേൾക്കുന്നു. ഞാൻ എൻറെ കാത് കൂർപ്പിച്ചു, പരിചയമുള്ള ചിലരുടെ ശബ്ദങ്ങൾ. എന്നോടുകൂടെ സഭായോഗങ്ങളിൽ ദൈവത്തിന് മഹത്വം കൊടുത്തിട്ടുള്ളവർ, അതിൽ ചില പാസ്റ്റർമാരുടെ ശബ്ദവും ഞാൻ തിരിച്ചറിഞ്ഞു. ഞാൻ എൻറെ അടുത്ത് നിന്ന അതി ശ്രേഷ്ഠ വസ്ത്രം ധരിച്ച ഒരു മണവാട്ടിയോട് ചോദിച്ചു. ആ ദൈവ ദാസന്മാർ എന്തെ ഇവിടെ എത്താഞ്ഞത്? ഈ വിശേഷ വസ്ത്രത്തിനു അവർ യോഗ്യരാകാതിരുന്നതെന്താണ്?. അവർ പറഞ്ഞു. നിങ്ങൾക്കറിയില്ലേ? അവർ നമ്മെ വിറ്റു കാശാക്കുകയായിരുന്നു. ഭൂമിയിൽ കർത്താവിൻറെ നാമത്തിൽ അധികാര കസേരകൾക്കു വേണ്ടി മ്ലേച്ഛമായത് പ്രവർത്തിക്കുകയായിരുന്നു. പ്രസംഗിക്കുകയല്ലാതെ പ്രവർത്തിക്കുക അവരുടെ ശീലമായിരുന്നില്ല. കാര്യ സാധ്യത്തിനായി തങ്ങൾക്ക് എതിരെ നിൽക്കുന്ന ആരെയും കരിവാരി തേയ്ക്കാതെ അവർ വിട്ടിട്ടില്ല. കണ്ടോളു, കർത്താവ് അവർക്കു കൊടുക്കാൻ പോകുന്ന ശിക്ഷ എന്താണെന്ന്.
ഞാൻ ചിന്തിച്ചു എത്ര പ്രലോഭനങ്ങൾ വന്നതാണ്. എന്നാലും കൃപയാൽ കർത്താവ് അതിൽ നിന്നെല്ലാം കാത്തു. അവൻറെ ക്രൂശു മരണത്തിൻറെയും മഹാത്യാഗത്തിൻറെയും ഓർമ്മ എപ്പോഴും ഉണ്ടായിരുന്നതുകൊണ്ട് പരിശുദ്ധാത്മാവിനെ അനുസരിക്കുവാനും മനസാന്തരപ്പെടേണ്ട ഇടത്തു മനസാന്തരപ്പെടുവാനും, പരിശുദ്ധാത്മാവ് എൻറെ പ്രീയനിൽ അവൻറെ ഇഷ്ടമായി വെളിപ്പെടുത്തിയത് അനുസരിക്കുവാനും സാധിച്ചു. ദൈവമേ ഈ ഭാഗ്യത്തിനായി ഞാൻ എത്ര നന്ദി പറയണം. വസ്ത്രമില്ലാതെ നഗരത്തിൽ പ്രവേശിക്കാൻ കഴിയാതെ നിത്യനരഗത്തിലേക്ക് പോകുന്നവരുടെ അവസ്ഥ എത്ര ദയനീയമാണ്. ദൈവമേ എൻറെ പ്രീയനായി, പരിശുദ്ധാത്മാവിനായി, എൻറെ വസ്ത്രത്തിനായി നന്ദി, നന്ദി, നന്ദി.