“ഏലി ഏലി ലമ്മാ ശബക്താനി “

ഏലി ഏലി ലമ്മാ ശബക്താനി

             പതിവില്ലാതെയാണ് ഞാൻ ഇന്ന് പ്രാർത്ഥനക്കായി ഇരുന്നത്. പ്രാർത്ഥനയിൽ പ്രധാനമായി ദൈവത്തോട് ചോദിച്ചത്. ദൈവമേ നീ എന്തിനാണ് നിൻറെ പുത്രനെ കൈവിട്ടത് എന്നാണ്?. ദൈവം മറുപടി തരും എന്നൊരാശ. ചോദിക്കുവാനുള്ള കാരണം ജേർണലിസ്റ്റായ ഞാനും എൻറെ സഹപ്രവർത്തകൻ ഷെഫിക്കും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സുവിശേഷകനായ ഒരു മനുഷ്യൻ ഒരു ലഘുലേഖ എൻറെ കയ്യിൽ തന്നു. അതിൻറെ തലക്കെട്ട് ക്രൂശിതനായ യേശു ക്രിസ്തു ദൈവത്തോട് നിലവിളിക്കുന്ന ” ഏലി ഏലി ലമ്മാ ശബക്താനി ” എന്നായിരുന്നു. ലഘുലേഖ വായിച്ചു നോക്കാതെ ഞങ്ങൾ ഇതിനെപ്പറ്റി തർക്കിക്കാൻ തുടങ്ങി. ഷെഫിക്ക് പറഞ്ഞു, ടോം നിങ്ങൾ ക്രിസ്ത്യാനികളുടെ ഈ വിശ്വാസം ശരിയല്ല. ദൈവത്തിൻറെ വചനമാകുന്ന യേശുവിനെ ഈ വിധത്തിൽ കൈവിടാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല. നാമധേയ ക്രിസ്ത്യാനിയായ എനിക്ക് ഈ വിഷയത്തെ പറ്റി കാര്യമായി ഒന്നും അറിയില്ല എങ്കിലും ഞാൻ വെറുതെ പറഞ്ഞു, അങ്ങനെയല്ല ദൈവം തൻറെ പുത്രനെ കൈവിട്ടത് തന്നെയാണ്. ബൈബിൾ തീർത്തും ശരിതന്നെയാണ്. ഷെഫിക് പറഞ്ഞു, നീ ഒരു ജേർണിലിസ്റ്റല്ലേ അന്വേഷിച്ചു നോക്ക് ശരിയാണോ എന്ന്.
ആ ലഘുലേഖ വായിക്കാതെ തന്നെ ഞങ്ങൾ പിരിയുകയും അതെൻറെ കയ്യിൽ നിന്ന് വഴിയിൽ വീണു പോകുകയും ചെയ്തു. എങ്കിലും അതുമുഖാന്തിരം ഉണ്ടായ സംഭാഷണം എൻറെ മനസ്സിൽ നിന്ന് മാഞ്ഞുപോയിരുന്നില്ല. പിറ്റേന്ന് പത്രം ഓഫിസിലേക്കുള്ള യാത്രക്കിടെ അവിചാരിതമായി കണ്ട കാഴ്ച എൻറെ സമാധാനം ആകെ എടുത്തു കളയുന്നതായിരുന്നു. മാനസികമായി ആകെ തകർന്ന ഒരു മനുഷ്യൻ അടുത്തുള്ള കള്ള് ഷാപ്പിലേക്കു കയറിപ്പോകുന്നു. അത് എൻറെ സുഹൃത്ത് ആയിരുന്ന ബിനോയ് ആയിരുന്നു. എൻറെ സമാധാനം നഷ്ടം ആകാനുള്ള കാരണവും അത് അവൻ ആയതിനാൽ ആയിരുന്നു.
ബിനോയിയുമായി പിരിഞ്ഞിട്ടു രണ്ടു വർഷത്തോളം ആയിക്കാണും. താൻ അവനോടു ചെയ്ത ദ്രോഹം മനസ്സിലേക്കോടിയെത്തി. വളരെ നാളത്തെ പ്രണയത്തിനുശേഷം അവരുടെ വിവാഹം നടത്തുവാൻ വീട്ടുകാരുടെ സമ്മതവും അതിനുള്ള തയാറെടുപ്പും കഴിഞ്ഞ ശേഷം അത് തകർത്തത് ഒരു വലിയ ഭാരമായി എന്നിലേക്ക്‌ കയറി വരുവാൻ തുടങ്ങി. നിമ്മിയും ബിനോയിയും തമ്മിൽ സ്നേഹമായിരുന്നു എന്നെനിക്കറിയിലായിരുന്നു. അടുത്ത സുഹൃത്തുക്കൾ എന്നേ മനസ്സിലാക്കിയിരുന്നുള്ളു അതിനാൽ തന്നെ നിമ്മിയോടുള്ള സ്നേഹം സഫലമാകുവാൻ തടസ്സങ്ങൾ ഉണ്ടാകുമെന്നു കരുതിയിരുന്നില്ല.അവർ വിവാഹത്തിനുള്ള തീയതി ഉറപ്പിച്ചതിനു ശേഷമാണ് കാര്യങ്ങൾ ശരിയായി മനസ്സിലാകുന്നത്. നിമ്മി ബിനോയിയുടേത് ആകാൻ പോകുന്നു എന്ന യാഥാർഥ്യം എൻറെ ഹൃദയത്തെ വിടാതെ വേട്ടയാടിക്കൊണ്ടിരുന്നു. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളും എന്നെ വെറുതെ വിട്ടില്ല. ഞങ്ങൾ സുഹൃത്തുക്കൾ, കൂടെ നിമ്മിയും ഉണ്ട്, ഒരു ഭക്ഷണ ശാലയിൽ ഇരിക്കുന്നു. അവിടേക്കു വരുന്ന ബിനോയിയുടെ അടുക്കലേക്കു നിമ്മി രണ്ടു കയ്യും നീട്ടി ഓടി ചെല്ലുന്നു.എൻറെ ഹൃദയം വല്ലാത്ത വേദന അനുഭവിക്കുന്നതോടൊപ്പം ഭക്ഷണശാലയുടെ ഒരു വശം ബുൾഡോസറിനാൽ ഇടിക്കപ്പെട്ടു തകരുന്നതുപോലെ ഞാൻ ആ നാളുകളിൽ സ്വപ്നത്തിൽ കാണുമായിരുന്നത് എന്നെ വല്ലാതെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. നിമ്മിയെ ബിനോയിക്ക് കൊടുക്കരുത് എങ്ങനെയെങ്കിലും എനിക്ക് സ്വന്തമാക്കണം. ഈ ചിന്ത എന്നെ ഭരിക്കാൻ തുടങ്ങി.
ആഗ്രഹ നിവർത്തിക്കായി എൻറെ ഒരു സുഹൃത്തിൻറെ സഹായം തേടി. അവൻ ഒരു പദ്ധതി തയാറാക്കി. കംപ്യുട്ടറിൽ അവനും നിമ്മിയും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ അവൻ ശരിയാക്കിയെടുത്തു. നിമ്മിയുമായി വളരെ തന്ത്രപൂർവം ചങ്ങാത്തത്തിലുമായി. നിമ്മിയെ തന്ത്രപൂർവ്വം ബീച്ചിൽ വരുത്തുകയും ആ സമയം അവരൊന്നിച്ചു നിൽക്കുമ്പോൾ ഞാൻ ബിനോയിയോട് നിമ്മിയെക്കുറിച്ചു അപവാദം പറയുകയും തെളിവായി ഫോട്ടോ കാണിക്കുകയും ഇപ്പോൾ വന്നാൽ അവർ ഒന്നിച്ചു സല്ലപിക്കുന്നത് കാണിച്ചുതരാമെന്നു പറഞ്ഞു ബിനോയിയെയും കൂട്ടി അവരെ കാണിച്ചു കൊടുത്തു. ബിനോയ് എൻറെ ചതിയിൽ പെട്ട് ഈ നാടകമെല്ലാം വിശ്വസിച്ചു നിമ്മിയെ വെറുക്കുന്നതിനും, നിശ്ചയിച്ച തീയതിയിൽ വിവാഹം നടക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്തു. എന്നാൽ തുടർന്ന് സംഭവിച്ചത് ഒന്നും എനിക്ക് അനുകൂലമായിട്ടായിരുന്നില്ല. നിമ്മി ആത്മഹത്യക്കു ശ്രമിക്കുകയും, രക്ഷപ്പെട്ടെങ്കിലും ഇനിയൊരിക്കലും വിവാഹം വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ബിനോയിയെ പിന്നെ ഇന്ന് ഈ നിലയിലുമാണ് കാണുന്നതും.
അന്ന് ജോലിയിൽ ഒന്നും ശ്രദ്ധ കേന്ദ്രികരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല. വീട്ടിലും ആകെ തകർന്ന നിലയിലാണ് കയറിച്ചെന്നത്. ഒരു സമാധാനവും കിട്ടുന്നില്ല. സത്യവേദപുസ്തകത്തിലേക്കു എൻറെ കരങ്ങളെ ഞാൻ നീട്ടി ഒരു സമാധാനത്തിനായി. ആ ബൈബിൾ വിശ്വസിയായ എൻറെ അമ്മച്ചിയുടേതായിരുന്നു. പേജ് തുറന്നപ്പോൾ കിട്ടിയ ഭാഗം മത്തായി ൨൭ : . ഞാൻ ദൈവത്തോട് ചോദിച്ച ഭാഗം. “എൻറെ ദൈവമേ, ദൈവമേ നീ എന്നെ കൈവിട്ടതെന്ത്‌?”. ഒരു നിമിഷം യേശുക്രിസ്തു ഏറ്റ ചാട്ടവാറടികളും മറ്റു കഷ്ടങ്ങളും എൻറെ ചിന്തകളിൽ നിറയുവാൻ തുടങ്ങി. ആ ഭാഗത്തു എൻറെ അമ്മച്ചി കുറിച്ചുവച്ചിരുന്ന വേദഭാഗം ഞാൻ എടുത്തു വായിച്ചു.(1 യോഹന്നാൻ 1:9) അവിടെ ഇങ്ങനെ വായിക്കുന്നു ” നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധികരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു”. അവിടെയും അമ്മച്ചിയുടെ ഒരു കുറിപ്പ് ഉണ്ടായിരുന്നു. റോമർ 3:25,26 ” വിശ്വസിക്കുന്നവർക്ക് അവൻ തൻറെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തൻറെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തൻറെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതികരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തൻറെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നെ അങ്ങനെ ചെയ്തത്”. ദൈവം തൻറെ പുത്രനെ കൈവിട്ടത് എൻറെ പാപപരിഹാരത്തിനാണെന്നു എനിക്ക് മനസ്സിലായി. ഞാൻ എൻറെ പാപങ്ങളെയും എല്ലാഭാരങ്ങളെയും യേശുവിനോട് ഏറ്റു പറഞ്ഞു. തുടർന്ന് അമ്മച്ചിയുടെ കുറിപ്പിലൂടെ 1 യോഹന്നാൻ 3 : 1 വായിച്ചു ( കാണ്മിൻ നാം ദൈവ മക്കളെന്നു വിളിക്കപ്പെടേണ്ടതിനു പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നൽകിയിരിക്കുന്നു, നാം അങ്ങനെ തന്നെ ആകുന്നു.”) ഒരു വലിയ ആശ്വാസം എനിക്കുണ്ടായി. എൻറെ പ്രാർത്ഥനയ്ക്ക് മറുപടിയും.
പിറ്റേന്ന് ഓഫിസിലേക്കു പോകുന്ന വഴി പരിചയമുള്ള ഒരു സുവിശേഷകനെ കണ്ടു. അദ്ദേഹത്തോട് എൻറെ അനുഭവങ്ങളെല്ലാം പറഞ്ഞു. എനിക്ക് ബിനോയിയോടും നിമ്മിയോടും ക്ഷമ ചോദിക്കണമെന്ന് പറഞ്ഞു. അദ്ദേഹം സഹായിക്കാമെന്നും എനിക്ക് ഈ കാര്യത്തിൽ ഒരു ദോഷവും ഉണ്ടാകാതെ ദൈവം കാക്കുമെന്നും പറഞ്ഞു അദ്ദേഹം എന്നെ ബലപ്പെടുത്തി. തുടർന്ന് ഞങ്ങൾ ബിനോയിയെ അന്വേഷിച്ചു കണ്ടെത്തി. യഥാർത്ഥ സംഭവങ്ങൾ അവനോട് പറയുകയും, ഞാൻ കരഞ്ഞുകൊണ്ട് അവനോട് ക്ഷമ ചോദിക്കുകയും ചെയ്തു. അവൻ ഒന്നും മിണ്ടാതെ എന്നെ നോക്കിയിട്ട് പുറകോട്ട് തിരിഞ്ഞു നടന്നു മറഞ്ഞു. സുവിശേഷകൻ എന്നെ ആശ്വസിപ്പിച്ചു. സാരമില്ല എല്ലാം നന്മയ്ക്കായി കലാശിക്കും. നിമ്മിയെ കാണ്മാനായി എന്നെ ഉത്സാഹിപ്പിക്കുകയും ചെയ്തു. തുടർന്ന് ഞങ്ങൾ നിമ്മിയുടെ അടുക്കൽ എത്തി സുവിശേഷകൻ വിവരങ്ങളെല്ലാം പറഞ്ഞു. നിമ്മി എന്നോട് ക്ഷമിക്കുവാനുള്ള മനസ്സ് കാണിക്കുകയും സ്വയം വിധിയെ പഴിച്ചു ആശ്വസിക്കുകയും ചെയ്തു. സുവിശേഷകൻ അവരെ ആശ്വസിപ്പിച്ചു. ബിനോയിയും അവിവാഹിതനാണെന്നും നിങ്ങൾ വിവാഹതിരാകണമെന്നും അദ്ദേഹം അതിന് മുൻകൈ എടുക്കാമെന്നും പറഞ്ഞു.
സുവിശേഷകൻറെ പ്രയത്നത്താൽ ബിനോയ് സാധാരണ ജീവിതത്തിലേക്ക് വരുകയും എന്നെ സ്നേഹിതനായി സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തു. നിമ്മിയും ബിനോയിയും തമ്മിലുള്ള നിശ്ചയിച്ചു. ഞാൻ നിമ്മിയ്ക്കു ഫോൺ ചെയ്തപ്പോൾ നിമ്മി ഇപ്രകാരം പറയാൻ ഇടയായി. ” സംഭവിച്ചതിനെക്കുറിച്ചു ഓർത്തു ടോം ദുഃഖിക്കരുത്, ഞങ്ങൾക്ക് ഇത് സത്യത്തിൽ അനുഗ്രഹമാവുകയാണ് ഉണ്ടായതു. ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിൻറെ ആഴം മനസ്സിലാകുന്നത് ഇങ്ങനെ സംഭവിച്ചത് കൊണ്ട് കൂടിയാണ്.” . എല്ലാം യേശുവിൻറെ സ്നേഹമായി ഞാൻ മനസ്സിലാക്കി. അല്ലെയെങ്കിൽ ബിനോയിയും നിമ്മിയും ഞാനും ജീവിതം തകർന്നു തന്നെ തള്ളി നീക്കേണ്ടിവന്നേനെ. ബിനോയിയുടെ അടുക്കലേൽക്കു ചിരിച്ചുകൊണ്ട് അടുത്തുവരുന്ന നിമ്മിയെ മനസ്സിൽ സങ്കല്പിക്കുമ്പോൾ ഇപ്പോൾ എൻറെ മനസ്സിൽ അസ്വസ്ഥതകൾ കടന്നു വരുന്നില്ല, ബുൾഡോസറിനാൽ കെട്ടിടം ഇടിക്കപ്പെടുന്നില്ല പകരം വലിയ സന്തോഷവും ആശ്വാസവും മാത്രം. എൻറെ കൂട്ടുകാരാ, ഷെഫിക്കെ ദൈവം തൻറെ പുത്രനെ ക്രൂശിൽ കൈവിട്ടത് എൻറെ പാപങ്ങളുടെ മോചനത്തിനും, എൻറെ ഈ വലിയ സമാധാനത്തിനുമായ് ആണ്.

പ്രാർത്ഥന : ദൈവമേ നീ നിൻറെ പുത്രനെ ക്രൂശിൽ കൈവിട്ടതും മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചതും വിശ്വസിക്കുന്നവരുടെ പാപമോചനത്തിനും നിത്യജീവനുമാണെന്നു എല്ലാവരോടും സാക്ഷിക്കുവാൻ എന്നെ ശക്തികരിക്കേണമേ , ആമേൻ.